Wednesday, 30 October 2013

തമസോമാ ജ്യോതിര്‍ഗമയഃ

ഇരുളടഞ്ഞ വഴിത്താരകളിൽ നിറ ദീപങ്ങൾ തെളിച്ചുകൊണ്ട് മറ്റൊരു ദീപാവലി കടന്നു വരികയാണ്. മധുര പലഹാരങ്ങളും, അലങ്കാര ദീപങ്ങളും നിറം ചാർത്തുന്ന ദീപാവലി ഭാരതീയൻറെ നിത്യജീവിതത്തോട് വളരെ അധികം താദാത്മ്യപ്പെട്ടിരിക്കുന്നു. കേവലം വിനോദത്തിനും, ബാഹ്യ പ്രകടനങ്ങൾക്കും ഉപരി ഉദാത്തവും ഉജ്ജ്വലവുമായ സന്ദേശങ്ങൾ ദീപാവലി നമ്മോടു മനോഹരമായ് സംവദിക്കുന്നു.

ദീപാവലി ദീപങ്ങളുടെ ആവലി ആണ്, അഥവാ വിളക്കുകളുടെ കൂട്ടം 
അനേകം വിളക്കുകളിലേ പ്രകാശം ഒന്നായ്‌ ഒരു പ്രകാശ ധാരയായ് മാറുന്നു. പരസ്പരം മധുര പലഹാരങ്ങൾ വിതരണം ചെയ്തും, ഒത്തുചേർന്ന് പ്രാർത്ഥനകൾ അർപ്പിച്ചും ആഘോഷിക്കപ്പെടുന്ന ദീപാവലി ഒരേ സമയം മാധുര്യത്തിൻറെയും, പ്രകാശത്തിന്റെയും, കൂട്ടായ്മയുടെയും സ്മരണ നമ്മിൽ ഉണർത്തുന്നു.  

ബൃഹദാരണ്യകോപനിഷത്തിലൂടെ ഋഷി നമ്മോടു പങ്കുവച്ച
തമസോമാ ജ്യോതിര്‍ഗമയഃ എന്നാ മഹത്തായ ദർശനം തന്നെയാണ് , ദീപാവലിയുടെയും സന്ദേശം. ഇരുളിൽ നിന്നും വെളിച്ചത്തിലെക്കു ഉപനയിക്കുന്ന സനാതന സംസ്കൃതിയുടെ മഹോത്സവമാണ് ദീപാവലി. രാവണ നിഗ്രഹം ചെയ്തു വനവാസാനന്തരം മടങ്ങി വന്ന ഭഗവാൻ ശ്രീരാമ ചന്ദ്രനെ അയോദ്ധ്യാ നിവാസികൾ ദീപങ്ങൾ തെളിയിച്ചു സ്വീകരിച്ചതിന്റെ ഒർമ പുതുക്കലാണത്രേ ദീപാവലി.

ദീപാവലിയുടെ മറ്റൊരു ഐതീഹ്യം നരകാസുരനെ വധിച്ച് 1600 കന്യകമാരെ സ്വതന്ത്ര്യമാക്കിയ ശ്രീ കൃഷ്ണവിജയത്തിന്റെ സ്മരണയാണ് ദീപാവലി എന്നതാണ്. വർദ്ധമാനമഹാവീരൻറെ നിർവാണ ദിനവും ദീപാവലിയാണ്. ഭാരതവർഷത്തിൽ രൂപം കൊണ്ട മിക്ക സമ്പ്രദായക്കാരും, മിക്ക ദേശക്കാരും ദീപാവലി ആഘോഷിക്കുന്നു.  ഇന്ന് ലോകമെങ്ങും  ആഘോഷിക്കുന്ന ഒരു ആഘോഷമായ് ദീപാവലി മാറിയിരിക്കുന്നു.

ദീപാവലി നമ്മുടെ ജീവിതപഥങ്ങളിൽ വെളിച്ചം പൊഴിക്കട്ടെ എന്നാശംസിക്കുന്നു..
വന്ദേ മാതരം 
ദീപാവലി പ്രഭയിൽ സുവർണ ക്ഷേത്രം (പ്രമുഖ സിഖ് ക്ഷേത്രം )
ലണ്ടൻ, ട്രഫാൽഗർ സ്ക്വയറിൽ നടന്ന ദീപാവലി ആഘോഷം

Sunday, 6 October 2013

നവരാത്രി ദേവിമാർ

മാതൃരൂപിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളിൽ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നു, ഈ ദേവീ രൂപങ്ങൾ നവ ദുർഗ്ഗമാർ എന്നറിയപ്പെടുന്നു.

പ്രഥമം ശൈലപുത്രീതി ദ്വിതീയം ബ്രഹ്മചാരിണീ
ത്രുതീയം ചന്ദ്രഘണ്ടേതി കൂശ്മാണ്ഡേതി ചതുര്‍ത്ഥകം
പഞ്ചമം സ്കന്ദമേതേതി ഷഷ്ടം കാത്യായനീതി ച
സപ്തമം കാളരാത്രീതി മഹാഗൌരീതി ചാഷ്ടമം
നവമം സിദ്ധിതാ പ്രോക്താ നവദുര്‍ഗ്ഗാഃ പ്രകീര്‍ത്തിതാഃ
ദേവീ കവചത്തിൽ ഇപ്രകാരം നവ ദുർഗ്ഗകളെ പറയപ്പെട്ടിരിക്കുന്നു.

ശൈലപുത്രി 

Navadurga: The Nine Forms of Goddess Durga
ഹിമവാന്റെ മകളായ ശ്രീ പാർവതിയാണ് ശൈലപുത്രി.
വൃഷഭാരൂരൂഢയായ്  ഇരു കരങ്ങളിൽ തൃശൂലവും താമരയും ഏന്തി നിൽക്കുന്ന  ദുർഗാ ഭാവമാണിത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികൾ ഒന്നുചേർന്ന മൂർത്തിഭാവമാണ് ശൈലപുത്രി. ഒന്നാം രാത്രി ശൈലപുത്രിയുടെ ആരാധനയ്ക്കായ് നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു.

ബ്രഹ്മചാരിണീ


http://0.tqn.com/d/hinduism/1/0/p/X/durga_brahmacharini.jpg

ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. കയ്യിൽ ജപമാലയും കമണ്ഡലുവും ഏന്തി തപസ്സു ചെയ്യുന്ന രൂപത്തിലുള്ള ദുർഗ്ഗയാണ് ബ്രഹ്മചാരിണീ. രണ്ടാം രാത്രി ബ്രഹ്മചാരിണീയുടെ ആരാധനയ്ക്കായ് നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു

ചന്ദ്രഘണ്ഡാ

Navadurga: The Nine Forms of Goddess Durga

നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുസ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദ, ശൂലം എന്നീ ആയുധങ്ങളുണ്ട്. മൂന്നാം രാത്രി ചന്ദ്രഘണ്ഡയുടെ ആരാധനയ്ക്കായ് നീക്കി വയ്ക്കപ്പെട്ടിരിക്കുന്നു.

കൂശ്മാണ്ഡ

Navadurga: The Nine Forms of Goddess Durga

പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ. അഷ്ടഭുജങ്ങളിൽ ദേവി താമര, വിവിധ ആയുധങ്ങൾ, ജപമാല മുതലായവ ധരിച്ചിരിക്കുന്നു. സിംഹ വാഹിനിയായ കൂശ്മാണ്ഡ ദേവിയുടെ ആരാധനയ്ക്കായ് നവരാത്രിയിലെ നാലാം ദിനം സമർപ്പിക്കപ്പെട്ടിരിക്കുന്നു.

സ്കന്ദമാതാ

Navadurga: The Nine Forms of Goddess Durga

ബാലമുരുകനെ മടിയിലിരുത്തി അനുഗ്രഹം തൂകുന്ന ദിവ്യ രൂപമാണ് അഞ്ചാം ദിനത്തിലെ ആരാധനാ മൂർത്തി.സ്കന്ദൻ അഥവാ മുരുകന്റെ മാതാവായതിനാൽ ദേവിയെ സ്കന്ദമാതാ എന്ന് വിളിക്കുന്നു. ചതുർഭുജയും തൃനേത്രയുമാണ് ഈ ദേവി.

കാത്യായനീ

Navadurga: The Nine Forms of Goddess Durga

കാത്യായന ഋഷിയുടെ പുത്രിയായ് അവതരിച്ച ദേവിയാണ് കാത്യായനി. ആറാം രാത്രി കാത്യായനിയുടെ ആരാധനയാൽ മഹത്വ പൂർണമാകുന്നു.

കാളരാത്രീ

Navadurga: The Nine Forms of Goddess Durga
കറുത്ത ശരീരവർണ്ണമുള്ള കാളരാത്രി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ജടയും  ത്രിലോചനങ്ങളുമുള്ള ദേവി ഗർദഭ വാഹിനിയാണ്. ചതുർബാഹുവായ ദേവിയുടെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചുകൊണ്ടിരിക്കുന്നു. ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്.കാളരാത്രീ ഭാവത്തിൽ ദേവിയെ ആരാധിക്കുവാനുള്ള ദിവ്യ ദിനമായ്  ഏഴാം ദിവസം സമർപ്പിക്കപ്പെട്ടിരിക്കുന്നു.

മഹാഗൗരീ

Navadurga: The Nine Forms of Goddess Durga

പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരീ. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം.അഭയ വരദ മുദ്രകളും ശൂലവും ഢമരുവും ഏന്തി നില്ക്കുന്ന  നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. 
എട്ടാം രാത്രി മഹാ ഗൗരിയായ് ദുർഗ്ഗാ ദേവി ആരാധിക്കപ്പെടുന്നു.

സിദ്ധിധാത്രി

Navadurga: The Nine Forms of Goddess Durga
സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു. സകലരെയും അനുഗ്രഹിച്ചു വിളങ്ങുന്ന സിദ്ധിധാത്രി രൂപത്തിൽ ദുർഗ്ഗാ ദേവി  ഒൻപതാം ദിവസം ആരാധിക്കപ്പെടുന്നു.

കൂടാതെ ആദ്യ മൂന്നു ദിവസം മഹാകാളിയായും, പിന്നീടുള്ള മൂന്നു ദിനം മഹാലക്ഷ്മിയായും, അവസാന മൂന്നു ദിനങ്ങളിൽ മഹാസരസ്വതിയായും ആരാധിക്കുന്ന പതിവും ഉണ്ട്.