Friday, 1 November 2013

ദീപാവലി

ദീപാവലി വീണ്ടും വന്നു ചേരുകയാണ്, ക്ഷേത്രങ്ങളിലും, സ്ഥാപനങ്ങളിലും, വീടുകളിലും നിര നിരയായ് പുഞ്ചിരി പൊഴിക്കുന്ന വിളക്കുകളും, പങ്കു വയ്ക്കപ്പെടുന്ന മധുര പലഹാരങ്ങളും ഒക്കെ ചേരുന്ന മനോഹരമായ ഒരു ഉത്സവമാണ് ദീപാവലി. തെളിഞ്ഞു നിൽക്കുന്ന ദീപങ്ങളും, പങ്കു വയ്ക്കപ്പെടുന്ന മധുര പലഹാരങ്ങളും പ്രതീക്ഷയുടെയും ആനന്ദത്തിന്റെയും കിരണങ്ങൾ നമ്മുടെ മനസ്സുകളിൽ നിറയ്ക്കുന്നു. എന്നാൽ ദീപാവലി ദിനം മണ്‍വിളക്കുകളിൽ തിരി തെളിക്കാനും, സുഹൃത്തുക്കൾക്ക് മധുരപലഹാരങ്ങൾ കൈമാറാനും മാത്രമുള്ള ഉത്സവമാണോ ?

വനവാസവും രാവണവധവും കഴിഞ്ഞു തിരിച്ചെത്തിയ ഭഗവാൻ ശ്രീരാമ ചന്ദ്രനെ അയോദ്ധ്യാവാസികൾ നിറദീപങ്ങൾ തെളിയിച്ച് വരവേറ്റത്തിന്റെയും, ക്രൂരനായ നരകാസുരനെ ഭഗവാൻ ശ്രീകൃഷ്ണൻ വധിച്ചതിന്റെയും ഒക്കെ സ്മരണയാണ്‌ ദീപാവലി ആഘോഷത്തിൻറെ അടിസ്ഥാനം. പാരതന്ത്ര്യത്തിന്റെയും, തിന്മയുടെയും കറുത്ത നാളുകളുടെ അവസാനവും നന്മ നിറഞ്ഞ നാളുകളുടെ ആരംഭവും ആണ് ദീപാവലി. എന്നോ ജീവിച്ചു മരിച്ച അസുരന്മാർ മാത്രമല്ല നരകാസുരനും, രാവണനും. ഇന്നും നമ്മുടെ ലോകത്തെ ദുഃഖ പൂർണമാക്കിത്തീർക്കുന്ന സകല വിധ തിൻമകളുടെയും പ്രതീകങ്ങളും കൂടിയാണ്. അവരെ ഉന്മൂല നാശം വരുത്തേണ്ട ശ്രീരാമനും ശ്രീ കൃഷ്ണനും നമ്മുടെ ഉള്ളിലാണ് ജനിക്കേണ്ടതും, ജീവിക്കേണ്ടതും. മനസ്സിലും ലോകത്തിലും നിറഞ്ഞിരിക്കുന്ന തിന്മകളുടെ അവസാനവും നന്മയുടെ ആരംഭവും ആണ് ദീപാവലി.

മണ്‍വിളക്കുകളിലെ ദീപങ്ങൾ അൽപനേരത്തിന് ശേഷം അണഞ്ഞു പോകാം എന്നാൽ നാം തെളിക്കുന്ന നന്മയുടെ ദീപങ്ങൾ സൂര്യപ്രഭയോടെ കാലാതിവർത്തിയായ് നിലകൊള്ളും. പട്ടിണി കൊണ്ടും, ദാരിദ്ര്യം കൊണ്ടും ബുദ്ധിമുട്ടുന്ന പതിനായിരങ്ങൾ നമ്മുടെ നാട്ടിലുണ്ട് അവർക്കൊരു കൈത്താങ്ങേകുമ്പോൾ, നാം ചിലവഴിക്കുന്നതിൻറെ ചെറിയൊരംശമെങ്കിലും അവർക്കായ് നീക്കി വയ്ക്കാൻ തയാറാവുമ്പോൾ നാം ഒരു ദീപം തെളിക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയെ മലിനമാക്കാതിരിക്കാൻ ശ്രദ്ധിക്കുമ്പോൾ, സഹാജീവികളോടു കാരുണ്യം കാണിക്കുമ്പോൾ, നിസ്വാർത്ഥമായ് സേവനം ചെയ്യുമ്പോൾ നാം സൂര്യശോഭ പൊഴിക്കുന്ന ദീപങ്ങൾ തെളിയിക്കുകയാണ് ചെയ്യുന്നത്.

"ഇരുട്ടിനെ പഴിക്കാതെ ഒരു കൈത്തിരി കത്തിച്ചു വയ്ക്കൂ" എന്ന് പറയാറില്ലേ ?, നമ്മുടെ നാട് അനേകം വെല്ലു വിളികൾ നേരിട്ട് കൊണ്ടിരിക്കുന്നു ദാരിദ്ര്യം, അഴിമതി, സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങൾ, കലാപങ്ങൾ അങ്ങനെ അങ്ങനെ പലതും. ഇവിടെ എല്ലാത്തിനും മറ്റു പലരെയും പഴി പറഞ്ഞു നേരം കളയുന്നു. എന്തുകൊണ്ട് നമുക്ക് ഈ ഇരുട്ടിൽ ഒരു കൈത്തിരി തെളിയിച്ചു കൂടാ ? നമ്മളാൽ ആകുന്ന ഒരു ചെറിയ സേവനം ചെയ്തു കൊണ്ട് ദീപാവലി നമുക്ക് ആഘോഷിച്ചു കൂടേ ?

അതെ ഈ ദീപാവലി അങ്ങനെയുള്ള ഒന്നായ്‌ തീരട്ടെ, ഭക്ഷണം ഇല്ലാത്തവർക്ക് ഭക്ഷണം എത്തിക്കാൻ ശ്രമിച്ചുകൊണ്ട്‌, ജീവിതത്തിൽ നിന്നും ഒരു ദുശീലമെങ്കിലും കുറച്ചു കൊണ്ട്, നമ്മുടെ സംസ്കാരത്തെ അറിയാനും അറിയിക്കാനും അല്പമെങ്കിലും സമയം ചിലവഴിച്ചുകൊണ്ട്, ഒരു മരമെങ്കിലും നട്ടു വളർത്തിക്കൊണ്ട്, ബുദ്ധിമുട്ടുന്നവരെ നിസ്വാർത്ഥമായ് സഹായിക്കാൻ ശ്രമിച്ചു കൊണ്ട് ദീപാവലി നമുക്ക് ആഘോഷിക്കാം.

സേവനത്തിന്റെയും, സ്നേഹത്തിന്റെയും, ആനന്ദത്തിന്റെയും ദീപങ്ങങ്ങൾ തെളിച്ചു കൊണ്ട് മനോഹരമായ ഒരു ദീപാവലി ആഘോ ഷിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ജഗദീശ്വരിയോടു പ്രാർത്ഥിക്കുന്നു... അസത്യത്തില്‍ നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും, മരണത്തില്‍ നിന്നും അമരത്ത്വത്തിലെക്കും അവിടുന്ന് നമ്മെ നയിക്കട്ടെ.

ഓം അസതോമാ സദ്‌ഗമയ
തമസോമാ ജ്യോതിര്‍ഗമയ
മൃത്യോര്‍മാ അമൃതംഗമയ
ഓം ശാന്തി: ശാന്തി: ശാന്തി:


Courtesy https://www.facebook.com/amritasatgamaya

No comments:

Post a Comment