ഉത്രം തിരുന്നാൾ
മാർത്താണ്ഡവർമ്മ മഹാരാജാവ്
|
ആനക്കൊമ്പും മറ്റു അമൂല്യ വസ്തുക്കളും ഉപയോഗിച്ച് കേരളത്തിൽ നിർമിക്കപ്പെട്ട ഒരു സിംഹാസനമാണ് ചിത്രത്തിൽ കാണുന്നത്. ഭാരതത്തിൻറെ ശില്പ്പകലാ വൈദഗ്ധ്യത്തിൻറെയും, ഉദാരതയുടെയും പ്രതീകമാണ് ലണ്ടനിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഈ ദന്ത സിംഹാസനം. തിരുവിതാംകൂറിൽ നിർമിക്കപ്പെട്ട ഇത് ഒരു രാജകീയ സമ്മാനമായാണ് ലണ്ടനിൽ എത്തിയത്. അതിന്റെ ചരിത്രം ഇങ്ങനെ:
1851 ൽ നടക്കാനിരിക്കുന്ന ലണ്ടൻ എക്സിബിഷനിലേക്ക് തിരുവിതാംകൂർ രാജ്യവും എന്തെങ്കിലുമൊക്കെ സംഭാവന ചെയ്യണമെന്ന ആവശ്യവുമായ് 1948 ൽ മദ്രാസ് ഗവണ്‍മെൻറ് അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ഉത്രം തിരുന്നാൾ മാർത്താണ്ഡവർമ്മയെ സമീപിച്ചു. തുടർന്ന് മഹാരാജാവ് ഇതിനായി ഒരു കമ്മറ്റിയെ നിർദ്ദേശിക്കാൻ ദിവാനോട് ആവശ്യപ്പെടുകയും. തത്ഫലമായ് ഒരു കമ്മിറ്റി നിലവിൽ വരികയും അവർ വളരെ വിജയകരമായ രീതിയിൽ ഇതിലേക്കായ് തിരുവിതാംകൂറിൻറെ യശ്ശസ്സ് ഉയർത്തിപ്പിടിക്കുന്ന പല വസ്തുക്കളും ശേഖരിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ മഹാരാജാവിൻറെ ഉപയൊഗത്തിനായ് ആനക്കൊമ്പിൽ ഒരു ഇരിപ്പിടം നിർമിച്ചു വരികയായിരുന്നു. തിരുവിതാംകൂറിൻറെ കലാവിരുതിനും പ്രൗഢിക്കും ഉത്തമോദാഹരണം ആയി മാറും എന്നതിനാൽ ഉടനെ തന്നെ പണിതീർത്ത് ഈ സിംഹാസനവും കൂടി അയക്കുവാൻ മഹാരാജാവ് നിശ്ചയിച്ചു.
ശിൽപ്പികൾ:
കൊച്ചു കുഞ്ഞ് ആചാരി, നീലകണ്ഠൻ ആചാരി
|
സിംഹാസനത്തിൽ ഉപവിഷ്ടയായ
വിക്ടോറിയ മഹാറാണി
|
എക്സിബിഷന് ശേഷം ഇംഗ്ലണ്ടിൻറെ മഹാറാണി തന്റെ സിംഹാസനം ആയി ഉപയോഗിക്കണം എന്ന ആഗ്രഹവും അറിയിച്ചു കൊണ്ട് ദന്ത നിർമിതമായ ഇരിപ്പിടം മറ്റു വസ്തുക്കളോടൊത്ത് ലണ്ടനിലേക്ക് അയച്ചു. ഈ സമ്മാനം വിക്ടോറിയ മാഹാറാണിയെ അത്ഭുതപ്പെടുത്തുകയും, സന്തോഷിപ്പി ക്കുകയും ചെയ്തു. എക്സിബിഷനിൽ ജനങ്ങളുടെ ശ്രദ്ധമുഴുവൻ ഈ സിംഹാസനം അപഹരിച്ചു. മഹാരാജാവിന്റെ ഉദാരതയെയും, തിരുവിതാംകൂറുകാരുടെ കരകൗശല വിദ്യയിലുള്ള നിപുണതയെയും പ്രകീർത്തിച്ച വിക്ടോറിയ മഹാറാണി ,നിസ്തുലമായ ഈ സമ്മാനത്തിനു കൃതജ്ഞത അറിയിച്ച് ഉത്രം തിരുന്നാൾ മഹാരാജാവിന് ഒരു കത്തയക്കുകയും, നിരവധി ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.
പ്രൗഢഗംഭീരമായ ഒരു ഭൂതകാലത്തിന്റെയും,അപമാനകരമായ വൈദേശിക അടിമത്തത്തിന്റെയും കറുപ്പും വെളുപ്പും ഊടും പാവുമായ് നെയ്ത ഒരു തിരുശേഷിപ്പായ് ഭാരതത്തിൽ നിന്നും കാതങ്ങളകലെ ഈ സിംഹാസനം ഇന്നും നിലകൊള്ളുന്നു.
No comments:
Post a Comment